Movies
മോഹൻലാലിന്റെ ജന്മദിനത്തിൽ മകൾ വിസ്മയ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണ് അച്ഛനെന്നാണ് വിസ്മയ കുറിക്കുന്നത്.
‘അച്ഛാ, ഹാപ്പി ഹാപ്പി ബർത്ത്ഡേ. എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി നിങ്ങളാണ്. മികച്ച കലാകാരനും പാചകക്കാരനും നിങ്ങളാണ്. എല്ലാത്തിനുമുപരിയായി നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ലവ് യൂ-വിസ്മയ കുറിച്ചു.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തോടെയാണ് വിസ്മയയുടെ ആശംസ. മോഹൻലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയയും പ്രണവും അമ്മ സുചിത്ര മോഹൻലാലും അടങ്ങിയ പഴയ കുടുംബ ചിത്രവും വിസ്മയ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലൂടെ വിസ്മയ മോഹൻലാലും മലയാളസിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.
Movies
മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണം നൽകുന്ന ചടങ്ങിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും നടൻ മോഹൻലാലും പങ്കെടുക്കും.
പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം നടക്കുന്ന സ്വീകരണം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.
പറവൂർ പൗരാവലിയുടെ ആദരം മോഹൻലാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ആദരിക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
Movies
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Movies
പേട്രിയാറ്റ് സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോൾ ചിത്രത്തെക്കുറിച്ച് ഒരു വിദേശവനിത പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമയെന്നാണ് അവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ മ്യൂസിക്കും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്.
സിനിമ കാണാൻ എത്തിയ റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് വിദേശ പ്രേക്ഷകയെ പരിചയപ്പെടുത്തുന്നത്. നിരവധി പേരാണ് ഈ വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം ബോക്സ്ഓഫിസിൽ കോടികൾ വാരി മുന്നേറുകയാണ് ചിത്രം. മൂന്ന് ദിവസം കൊണ്ട് 61.25 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ആദ്യ ദിനം 29 കോടിയിൽ അധികമാണ് ചിത്രം വാരിക്കൂട്ടിയത്.
ബുക്ക് മൈ ഷോയിലും ട്രെൻഡിംഗ് ആയി തുടരുന്ന ചിത്രം, കേരളത്തിന് പുറമെ, ഗൾഫ്, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ മാർക്കറ്റുകളിലും വമ്പൻ ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്.
Movies
പാട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.
എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.
തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.
ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.
ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്കോപ് എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.
അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.
ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്ക്രീൻ സ്പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.
Movies
2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന് (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി.
കല്യാണി പ്രിയദര്ശന് (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന് (ചിത്രം: രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.
അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന് വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ നിര്‍ണയിച്ചത്.
ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്രരത്നം പുരസ്കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിനു സമ്മാനിക്കും.
തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
നടനും നിര്‍മ്മാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരം ലഭിക്കും.
മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം:ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാണം വേണു കുന്നപ്പള്ളി)
മികച്ച രണ്ടാമത്തെ നടന്: പ്രകാശ് വര്‍മ്മ (തുടരും), ദിലീഷ് പോത്തന് (റോന്ത്). മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്ളക്ഷന്‍ ഓഫ് ട്രൂത്ത്)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ഡോ. മനോജ് ഗോവിന്ദന് (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)
മികച്ച ബാലതാരം: ധാര്‍മ്മിക് സുധാകരന് (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍(കല്യാണമരം)
മികച്ച കഥ: ജി. ആര്. ഇന്ദുഗോപന് (പൊന്മാന്)
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ).
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)
മികച്ച സംഗീതസംവിധാനം: ജേക്സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച പിന്നണി ഗായകന്: നവനീത് ഉണ്ണികൃഷ്ണന് (ഗാനം: വിടപറയാം ചിത്രം: ഹൃദയപൂര്‍വം)
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള ചിത്രം: നരിവേട്ട) ജെ. ആര്. ദിവ്യ നായര്‍ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്)
മികച്ച ഛായാഗ്രാഹകന്‍: മുഹമ്മദ് എ (തന്തപ്പേര്)
മികച്ച ചിത്രസന്നിവേശകന്‍: പ്രവീണ്‍ പ്രഭാകര്‍ (കളങ്കാവല്‍)
മികച്ച ശബ്ദമിശ്രണം: എം.ആര്. രാജാകൃഷ്ണന്, (എംപുരാന്)
മികച്ച കലാസംവിധായകന്‍: സുനില്‍ ലാവണ്യ (ജഗള)
മികച്ച മേക്കപ്പ്മാന്: റോണക്സ് സേവ്യര്‍ (ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം)
മികച്ച ജനപ്രിയ ചിത്രം: സര്‍വം മായ (സംവിധാനം: അഖില്‍ സത്യന്, നിര്‍മ്മാണം: ഡോ അജയ്യകുമാര്‍, ആര് രാജീവ് മേനോന്)
മികച്ച ബാലചിത്രം: ദൈവത്താന്‍കുന്ന് (സംവിധാനം: ജോഷി മാത്യു, നിര്‍മ്മാണം: ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോല്‍, നിര്‍മ്മാണം ബേബി ബാലകൃഷ്ണന്)
മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഡ്കി ഗാവ് (സംവിധാനം:സഞ്ജു സുരേന്ദ്രന്, നിര്‍മ്മാണം: എം.എന്‍.സുരേന്ദ്രന്)
മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി)
മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദന്, നിര്‍മ്മാണം: ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം:അരുണ്‍ ബോസ്, നിര്‍മ്മാണം: സലീം അഹ്മ്മദ്), മൂണ്‍വാക്ക് (സംവിധാനം: വിനോദ് എ. കെ, നിര്‍മ്മാണം: ലിസ്റ്റിന് സ്റ്റീഫന്‍, ജസ്നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം :വര്‍ഷ വാസുദേവ്, നിര്‍മ്മാണം: അഭിജിത്ത് ബാബുജി), കരുതല്‍ (നിര്‍മ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).
മികച്ച പരിസ്ഥിതി ചിത്രം: കല്യാണമരം (സംവിധാനം:രാജേഷ് അമനകര, നിര്‍മ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം ; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിര്‍മ്മാണം: കവിത ശ്രീകാന്ത്)
മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ്. സനോജ്, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂര്‍, നിര്‍മ്മാണം: ഷാജു വാലപ്പന്)
മികച്ച ബിബ്ളിക്കല്‍ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത്, നിര്‍മ്മാണം: ജിജി കര്‍മ്മലേത്ത് (മാത്യു ജോസഫ്)
മികച്ച നവാഗത പ്രതിഭകള്‍:
നടി: റിയ ഷിബു (സര്‍വം മായ), സംവിധാനം : ജിതിന് കെ. ജോസ് (കളങ്കാവല്‍), ശരണ്‍ വേണുഗോപാല്‍ (നാരായണീന്റെ മൂന്നാണ്മക്കള്), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദന് (നോബഡി), ഷാജു വാലപ്പന് (നിഴല്‍ വ്യാപാരികള്‍) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിര്‍മ്മാണം: ആകാശ് ഭാസ്കരന്).
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ നടൻമാരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി.
തുടർന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.
Movies
തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ മീര ജാസ്മിൻ നായികയാകുന്നു. മീര ജാസ്മിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ.
നൈസി എന്നാണ് മീരയുടെ കഥാപാത്രത്തിന്റെ പേര്. ‘ലൗലജന്റെ നൈസി’ എന്ന അടിക്കുറിപ്പോടെയാണ് തരുൺ മൂർത്തിയുടെ പോസ്റ്റ്.
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിലാണ് മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ മീര ജാസ്മിൻ ഏറ്റവും ഒടുവിൽ അഭിനയച്ചത്. 13 വർഷങ്ങൾക്കു ശേഷമാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നത്. ഹൃദയപൂർവം സിനിമയിൽ മോഹൻലാലിനൊപ്പം അതിഥി വേഷത്തിൽ മീര ജാസ്മിൻ എത്തിയിരുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍.
Movies
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറും രണ്ടു പേരുകളല്ല, അഭിമാനമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി കരുത്തായി നിലകൊള്ളുന്ന, മലയാള സിനിമയുടെ പൂമുഖത്തെ രണ്ടു നെടുംതൂണുകള്‍. ഈ വര്‍ഷം ആരംഭിച്ചത് തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാര പെരുമയിലാണ്.
തന്നിലെ നടനെ എന്നും തുടച്ചു മിനുക്കുന്ന മെഗാസ്റ്റാറിന് കഴിഞ്ഞ നാളുകളില്‍ പുരസ്കാരങ്ങളുടെ പെരുമഴ ആയിരുന്നു. കൊടുമണ്‍ പോറ്റി ആയുള്ള പകര്‍ന്നാട്ടത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ വേളയിലാണ് പത്മ പുരസ്കാരവും നടനെ തേടിയെത്തുന്നത്.
മമ്മൂട്ടിക്ക് പത്മ പുരസ്കാരത്തിനുള്ള പൂര്‍ണ യോഗ്യതയുണ്ടായിട്ടും കേന്ദ്രം തഴയുന്നതിനെതിരെ വിവാദം പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഉയര്‍ന്ന അവാര്‍ഡുകള്‍ക്ക് മമ്മൂട്ടിയെ പിന്തുണയ്ക്കാത്തതിലെ അജണ്ടയെ കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ മലയാളത്തിന്റെ മമ്മൂക്കയ്ക്കും പത്മഭൂഷണ്‍ ലഭിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് നല്കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് മമ്മൂട്ടിയെ തേടി പത്മഭൂഷണ്‍ എത്തിയത്. 1998ല്‍ പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Movies
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും വിഷ്ണു മോഹൻ ആണ് നിർവഹിക്കുന്നത്.
മേപ്പടിയാൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക.
ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന ആശകൾ ആയിരം, ജയസൂര്യ നായകനായ കത്തനാർ, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന കലോത്സവത്തിന്റെ ഷെഡ്യൂൾ മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.രാജനും ചേർന്ന് പ്രകാശനം ചെയ്തു.
ജനുവരി 14 ന് രാവിലെ പത്തിന് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. 18 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക.
സംസ്കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സിഎംഎസ് എച്ച്എസ്എസിൽ നടത്തും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.
ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
Movies
മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വ്യക്തമാക്കി നടൻ വിജയ് സേതുപതി. മോഹൻലാൽ ഒപ്പിട്ടു തന്ന ഓട്ടോഗ്രാഫ് തന്റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു.
ജിയോ ഹോട്ട്സ്റ്റാറിന്റെ സൗത്ത് അൺബൗണ്ട് വേദിയിൽ വച്ചാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ഒപ്പമുണ്ടായിരുന്നു.
‘ഇത്രയും വലിയ രണ്ട് മനുഷ്യരോടൊപ്പം നിൽക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ മോഹൻലാലിന്റെ വലിയ ഫാനാണ്. അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെനിക്ക്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി എന്റെ ഓഫിസിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്.’ വിജയ് സേതുപതി പറഞ്ഞു.
ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും അർഹനായ വ്യക്തിക്കാണ് ഫാൽക്കെ പുരസ്കാരം ലഭിച്ചതെന്ന് നാഗാർജുന പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തിൽ മോഹന്‍ലാലിന് എന്തും ചെയ്യാൻ സാധിക്കുമെന്നും അത് കണ്ട് കൈയടിക്കാനേ നമുക്ക് കഴിയൂ എന്നും നാഗാർജുന പറഞ്ഞു.
Movies
ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാൻ മോഹൻലാലും തരുൺ മൂർത്തിയും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹന്‍ലാൽ ചിത്രവും ഇതാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
എന്നാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷനിൽ മോഹൻലാൽ ചിത്രത്തിന് സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോ. ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു.
തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയുടെ ചീഫ് അസോ. ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്റ്റിൻ.
എന്നാൽ ആ സിനിമ അല്ല ഇതെന്നും തരുൺ ചിത്രം മറ്റൊരു കഥയാണെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
Movies
മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 സിനിമ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. നിർമാതാവ് എം. രഞ്ജിത്താണ് ഈ സന്തോഷം പങ്കുവച്ചത്. ഈ പ്രി ബിസിനസ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റിക്കാർഡും ദൃശ്യം 3 നേടിക്കഴിഞ്ഞു.
കൊച്ചിയിൽ നടന്ന ഒരു പരിപാടിയിലാണ് നിർമാതാവ് എം.രഞ്ജിത്ത് ഇത് വെളിപ്പെടുത്തിയത്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. വാസ്തവത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടി ആകെ തുക ഷൂട്ടിംഗ് പൂർത്തിയാക്കും മുൻപെ ദൃശ്യം 3 നേടിക്കഴിഞ്ഞു.
ഒരു ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ആകെ കലക്ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക.
ദൃശ്യം 3 യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ ഈ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേര്‍ന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.
മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.
Movies
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ എത്തി.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Movies
മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.
ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന് എന്ന ചിത്രത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്റെ സംഭാഷണങ്ങള്‍-
ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...?
ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.
ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.
Kerala
തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
National
ന്യൂഡൽഹി: പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം. ആദരിക്കലിന്റെ ഭാഗമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് മെഡൽ സമ്മാനിച്ചു.
ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
2009 ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎമദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
Kerala
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധിയെടുത്ത് ചികിത്സയ്ക്കു പോയത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Movies
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ശനിയാഴ്ച തിരുവനന്തപുരത്ത് മോഹൻലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻവാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
സെപ്റ്റംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻലാൽ.
Movies
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി മകൾ വിസ്മയ. ‘അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം,’ വിസ്മയ മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ കോളാഷിനൊപ്പമായിരുന്നു വിസ്മയുടെ അഭിനന്ദന പോസ്റ്റ്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാലിനെ തേടി ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്.
ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് ചെന്നൈയിൽ എത്തിയ താരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെറ്റിൽ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു.
അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഡൽഹിയിൽ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും.
Kerala
തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.